ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നും പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സമ്പന്നമായ കലാജീവിതം കൊണ്ട് മലയാള സിനിമയുടേയും നാടക വേദിയുടേയും വഴികാട്ടിയായി അദേഹം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദേഹത്തിന്റെ സിനിമാ പരമായ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് തുടര്‍ന്നും പ്രചോദനമാകട്ടേയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ശേഷം രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്റ്റംബര്‍ 23 ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും.