രാജ്യമൊട്ടാകെ വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധന; പത്ത് ദിവസത്തിനകം സംസ്ഥാനങ്ങള്‍ തയ്യാറാകണം: നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യമൊട്ടാകെ വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധന;  പത്ത്  ദിവസത്തിനകം സംസ്ഥാനങ്ങള്‍ തയ്യാറാകണം: നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഈ മാസം മുപ്പതിനകം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന നടപ്പാക്കുന്നതിന് മുന്നോടിയായാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയിലുള്ള നടപടികള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ ആരംഭിച്ചേക്കുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.

അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പ്രത്യേക തീവ്ര പുനപരിശോധന നടപ്പിലാക്കാന്‍ തയ്യാറാകണമെന്നാണ് സെപ്റ്റംബര്‍ ആദ്യവാരം ചേര്‍ന്ന യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

പിന്നീട് കൂടുതല്‍ വ്യക്തതക്കായി സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പല സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവസാന തീവ്ര പുനപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികകള്‍ ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്ത് അവസാനമായി തീവ്ര പുനപരിശോധന നടന്ന 2008 ലെ വോട്ടര്‍ പട്ടിക ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരാഖണ്ഡില്‍ അവസാനമായി തീവ്ര പുനപരിശോധന നടന്നത് 2006 ലാണ്. അതിപ്പോള്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലുണ്ട്.

മിക്ക സംസ്ഥാനങ്ങളിലും അവസാനമായി തീവ്ര പുനപരിശോധന നടന്നത് 2002 നും 2004 നും ഇടയിലാണ്. കൂടാതെ അവസാനത്തെ തീവ്ര പുനപരിശോധന പ്രകാരമുള്ള വോട്ടര്‍മാരുമായി നിലവിലെ വോട്ടര്‍മാരെ ഒത്തു നോക്കുന്ന നടപടികള്‍ മിക്കവാറും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബിഹാറിന് ശേഷം രാജ്യത്തുടനീളം തീവ്ര പുന പരിശോധന നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

ജനന സ്ഥലം പരിശോധിച്ച് അനധികൃത വിദേശ കുടിയേറ്റക്കാരെ ഒഴിവാക്കുക എന്നതാണ് ഈ തീവ്ര പുനപരിശോധനയുടെ പ്രധാന ലക്ഷ്യം. ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.