ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍; വാഹനം കടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍; വാഹനം കടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

കൊച്ചി: ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലാണെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയില്‍ ഉള്ളത്. രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നടന്‍ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

ഇന്നലെ നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് 150 മുതല്‍ 200 വരെ എസ്യുവികള്‍ എത്തിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.