പാലിയേക്കര ടോള്‍ പിരിവ് തല്‍ക്കാലമില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

പാലിയേക്കര ടോള്‍ പിരിവ് തല്‍ക്കാലമില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവിന് ഹൈക്കോടതിയുടെ വിലക്ക് തുടരും. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തിയ പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക എന്നറിയിച്ച കോടതി ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.