വത്തിക്കാന്‍ സിറ്റി: 2025 ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥന നടത്താൻ വിശ്വാസികളെ ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ 11-12 തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന മരിയൻ ആധ്യാത്മികത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബർ 11-ന് വൈകുന്നേരം 6 മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേക ജപമാല പ്രാർത്ഥന നടത്തും. ഈ ദിവസം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ദിവസം കൂടിയാണ്.
ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവരെയും വൈകുന്നേരം 7 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ പാപ്പാ ക്ഷണിച്ചു.
സെപ്റ്റംബർ 24-ന് വത്തിക്കാനിൽ മാർപാപ്പ നടത്തിയ പൊതുകൂടിക്കാഴ്ച്ചയിൽ, ആഗോള സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അദ്ദേഹം പറഞ്ഞു: “ഒക്ടോബർ മാസത്തിൽ ഓരോ ദിവസവും വ്യക്തിപരമായും, കുടുംബങ്ങളിലും, സമൂഹത്തിലും ജപമാല പ്രാർത്ഥന നടത്താൻ എല്ലാവരെയും ക്ഷണിക്കുന്നു.”
മനുഷ്യത്വത്തെ പ്രകാശിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന യേശുവിന്റെ സ്‌നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ പാപ്പ ക്രൈസ്തവരെ ക്ഷണിച്ചു. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടും ജപമാല പ്രാര്‍ത്ഥനയോടുമനുബന്ധിച്ച് ഫാത്തിമ നാഥയുടെ യഥാര്‍ത്ഥ ചിത്രം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രതിഷ്ഠിക്കും.