‘കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തി പുതിയ പുസ്തകം

‘കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തി പുതിയ പുസ്തകം

വത്തിക്കാൻ: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ധ്യാനചിന്തകൾ എന്നിവ ഉൾപ്പെടുത്തി ‘കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001–2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും’ (Free Under Grace: Writings and Meditations 2001–2013) എന്ന പേരിൽ പുതിയ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു.

ഈ പുസ്തകവുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസും അഗസ്റ്റീനിയൻ സഭയും ചേർന്ന് ഒക്ടോബർ 15 ന് പുറത്തിറക്കി. അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ജനറലായിരുന്ന കാലഘട്ടത്തിൽ ലിയോ പതിനാലാമൻ പാപ്പാ തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തിയതാണ് ഗ്രന്ഥം.

നിലവിലെ അഗസ്റ്റീനിയൻ സഭാ പ്രിയർ ജനറലായ ഫാദർ ജോസഫ് ലോറൻസ് ഫാരെൽ, ഒ.എസ്.എ പുസ്തകത്തെ “വളരെ പ്രധാനപ്പെട്ട വിഷയങ്ങളുടെ സമഗ്ര അവലോകനം” എന്നു വിശേഷിപ്പിച്ചു. ഫ്രാങ്ക്ഫർട്ടിൽ ഒക്ടോബർ 15 ന് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേളയുടെ പശ്ചാത്തലത്തിലാണ് ഈ പ്രസിദ്ധീകരണം അടുത്ത മാസങ്ങളിൽ പുറത്തിറങ്ങുന്നത്.

പാപ്പായുടെ ആത്മീയതയും വിചിന്തനങ്ങളും കൂടുതൽ ആഴത്തിൽ പരിചയപ്പെടാനുള്ള അവസരമാണ് ഈ പുസ്തകം നൽകുന്നതെന്ന് പ്രസാധകർ അറിയിച്ചു. 2026 ലെ വസന്തകാലത്ത് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ഈ പുസ്തകം ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.