വിട്ടൊഴിയാതെ വിവാദങ്ങള്‍; വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു

വിട്ടൊഴിയാതെ വിവാദങ്ങള്‍; വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു

കല്‍പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു. വിവിധ ആരോപണങ്ങള്‍ക്കും കടുത്ത വിഭാഗീയതയ്ക്കും പിന്നാലെയാണ് രാജി. സ്വയം രാജിവച്ചതാണെന്നും ബാക്കി കാര്യങ്ങള്‍ കെപിസിസി നേതൃത്വം പറയുമെന്നും എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു.

ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍.ഡി അപ്പച്ചന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു.

ഇതും അപ്പച്ചന്റെ രാജിയിലേക്ക് നയിച്ചുവെന്നാണ് അറിയുന്നത്. വയനാട്ടിലെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ കെപിസിസി യോഗത്തില്‍ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചന്‍ ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ അര്‍ബന്‍ ബാങ്കിലെ ബാധ്യത കോണ്‍ഗ്രസ് അടച്ച് തീര്‍ത്തിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാര്‍ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കില്‍ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോണ്‍ഗ്രസ് തീര്‍ത്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നല്‍കി ബാധ്യതയും തീര്‍ത്തിരുന്നു.

കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്റെ മരുമകള്‍ ഡിസിസി ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബര്‍ രണ്ടിന് ഡിസിസിക്ക് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു മരുമകള്‍ പത്മജ പറഞ്ഞത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.