തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.
തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ട് ദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്ക് ശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27 ന് ആന്ധ്രാ തീരത്തെത്തും.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയ ള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണം. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കുറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല.