ഓപ്പറേഷന്‍ നുംഖോര്‍: ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തുന്നത് പശ്ചിമ ബംഗാള്‍ വഴി; സംശയനിഴലില്‍ അമിത് ചക്കാലയ്ക്കല്‍

ഓപ്പറേഷന്‍ നുംഖോര്‍: ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തുന്നത് പശ്ചിമ ബംഗാള്‍ വഴി; സംശയനിഴലില്‍ അമിത് ചക്കാലയ്ക്കല്‍

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തുന്ന കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ജെയ്‌ഗോണില്‍ നിന്നാണ് വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.

ബംഗാളിലെ അതിര്‍ത്തി പ്രദേശമായ ഫുന്റഷോലിങ് നഗരം വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തുന്നത്. ഇവിടെ എത്തിയതിന് ശേഷം വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ രജിസ്‌ട്രേഷനിലേക്ക് മാറ്റും. വാഹനകള്ളക്കടത്ത് നടക്കുന്നത് ജെയ്‌ഗോണിലൂടെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. രണ്ടാം ഉടമയായി രജിസ്റ്റര്‍ ചെയ്ത് ശേഷമാണ് ഇവ രൂപ മാറ്റം വരുത്തി വില്‍പന നടത്തുന്നത്.

വ്യാജരേഖകള്‍ ഉപയോഗിച്ച് അസമിലും ഹിമാചല്‍ പ്രദേശിലുമാണ് രണ്ടാം ഉടമയായി രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് കര്‍ണാടകയിലും കേരളത്തിലും എത്തിക്കുന്നു. ഇത്തരം വാഹനങ്ങള്‍ കടത്തുന്നതിനായി പ്രത്യേകം കള്ളക്കടത്ത് ഏജന്റുമാരുണ്ട്. ഇവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് അതിര്‍ത്തി കടത്തുന്നത്. ഇന്ത്യയിലേക്ക് സ്വര്‍ണവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്തുന്ന പ്രധാന കേന്ദ്രമാണ് ജെയ്‌ഗോണ്‍.

നടന്‍ അമിത് ചക്കാലയ്ക്കലിന് വാഹനകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നടനെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്വന്തം ഉപയോഗത്തിനല്ലാതെ ഇത്തരം ആറ് വാഹനങ്ങള്‍ ഗാരേജില്‍ എത്തിച്ചതില്‍ സംശയ നിഴലിലാണ് അമിത്. വാഹനങ്ങളുടെ രേഖകള്‍ പത്ത് ദിവസത്തിനകം ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എസ്‌യുവിയുടെ രേഖകള്‍ മാത്രമാണ് താരം ഹാജരാക്കിയത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.