അബൂജ: ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ നൈജീരിയയിലെ ബെനിൻ രൂപതയിലെ കലലേ ഗ്രാമത്തിൽ വിശുദ്ധ ബലി അർപ്പിച്ച് ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി.
ആക്രമണ ഭീതിയിൽ പലരും ഗ്രാമം വിട്ട് ഒഴിഞ്ഞുപോയ സാഹചര്യത്തിൽ, സെപ്റ്റംബർ 21-ന് നടന്ന ഞായറാഴ്ച വിശുദ്ധ ബലിയിൽ വളരെ കുറച്ച് വിശ്വാസികൾ മാത്രമാണ് പങ്കെടുത്തത്. “ക്രിസ്തു തന്റെ ജനങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന സന്ദേശം നൽകാനാണ് ഗ്രാമത്തിലെത്തിയതെന്ന് ബിഷപ്പ് വിശ്വാസികളെ അറിയിച്ചു.
“കലലേയിൽ സ്പാനിഷ് മിഷനറി സമൂഹം നടത്തുന്ന ഒരു സ്‌കൂൾ പ്രവർത്തിക്കുന്നു. നഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകൾ ഉള്ള ഈ സ്‌കൂൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ മിഷനറിമാർക്ക് ഇപ്പോൾ ആശങ്ക തുടരുകയാണ്“- ബിഷപ്പ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബെനിൻ സർക്കാർ ശക്തമായ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ഭീഷണി മാറിയിട്ടില്ല.
നൈജീരിയയിലെ നിരവധി ഗ്രാമങ്ങൾ ഇന്നും തീവ്രവാദത്തിന്റെ നിഴലിൽ കഴിയുമ്പോൾ, സഭാനേതൃത്വം ജനങ്ങൾക്ക് പ്രത്യാശയും ആത്മീയ ധൈര്യവും പകരുന്ന ഏക ആശ്രയമായി തുടരുന്നു.