തിരൂരങ്ങാടി: മലപ്പുറം വലിയപറമ്പില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്ക്. മതപഠനം കഴിഞ്ഞ് മടങ്ങിയ അഞ്ച് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവര്‍ ആണ് മരിച്ചത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലയ്ക്ക് മാറ്റി.
തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം അരീത്തോട് വലിയപറമ്പില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ദേശീയ പാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് അഞ്ച് പേരും. ഉസ്മാന്‍ സംഭവ സ്ഥലത്തുവെച്ചും ശാഹുല്‍ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.
കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടകാരണം വ്യക്തമല്ല.