കരൂര്‍ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

കരൂര്‍ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

കരൂര്‍: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് അരുണ ജഗതീശന്റെ നേതൃത്വത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിരിച്ചത്. ദുരന്തത്തില്‍ മരണം 40 ആയി. 100 ലധികം പേര്‍ ചികിത്സയിലാണ്.

ഇവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടവുമായി ബന്ധപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി പുസി ആനന്ദ്, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. നാല് വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിഎസ്പി സെല്‍വരാജിനാണ് അന്വേഷണ ചുമതല.

പരിപാടി ദുരന്തത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് വിജയ്‌യുടെ പ്രചാരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കരൂര്‍ സ്വദേശിയായ കമല കണ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഞായറാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.

സംഭവത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടി. മരണകാരണവും പൊലീസിന്റെ സുരക്ഷയും സംബന്ധിച്ച് വിശദമായ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി തമിഴ്നാട് സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലുടനീളം ടിവികെ നടത്തി വരുന്ന പ്രചരണ പരിപാടികളുടെ ഭാഗമായാണ് ഇന്നലെ വിജയ് നാമക്കല്ലിലും കരൂരിലും എത്തുന്നത്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ബോധരഹിതയായി ഇതിന് പുറകെ പിന്നീട് നിരവധി പേര്‍ ബോധരഹിതരായി വീഴുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.