ഇസ്ലാമബാദ്: ഷഹബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക്ക് അധിനിവേശ കാശ്മീരില്‍ വന്‍ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി) നേതൃത്വം നല്‍കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍ തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷന്‍ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനില്‍ താമസിക്കുന്ന കാശ്മീരി അഭയാര്‍ഥികള്‍ക്കായി പാക്ക് അധിനിവേശ കാശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
ഈ നടപടി പ്രാദേശിക ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. സബ്സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.
ക്യാംപയിന്‍ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ രോഷം നേരിടണമെന്നും അദേഹം വ്യക്തമാക്കി. അധികമായി സുരക്ഷാ സേനയെ വിന്യസിച്ചാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്.
പ്രദേശത്തെ പ്രധാന പാതകളില്‍ ചിലത് അടച്ചു. സ്ഥാപനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നല്‍കാന്‍ ഇസ്ലാമബാദില്‍ നിന്ന് 1000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.