കരൂര്‍ ദുരന്തത്തില്‍ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകന്‍ അറസ്റ്റില്‍; അഞ്ച് സുപ്രധാന വകുപ്പുകള്‍ ചുമത്തി

കരൂര്‍ ദുരന്തത്തില്‍ ടിവികെ  ജില്ലാ സെക്രട്ടറി മതിയഴകന്‍ അറസ്റ്റില്‍; അഞ്ച് സുപ്രധാന വകുപ്പുകള്‍ ചുമത്തി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം (ടിവികെ) കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നടനും ടിവികെ സ്ഥാപകനുമായ വിജയുമായി ഏറെ അടുപ്പമുള്ള നേതാക്കളിലൊരാളാണ് മതിയഴകന്‍. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ നടത്തിയ ആരോപണത്തിന്റെ പേരില്‍ ചെന്നൈയില്‍ രണ്ട് ടിവികെ പ്രവര്‍ത്തകരെയും ഒരു ബിജെപി പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായ പൊതുയോഗത്തിന് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മതിയഴകനായിരുന്നു. ഇയാളെ കൂടാതെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദന്‍, കരൂര്‍ ജില്ലാ ഭാരവാഹിയായ ബുസി ആനന്ദ് എന്നവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. ഇതേ തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടു.

അതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.