ഗാന്ധിജിയെ പുകഴ്ത്തി മോഹന്‍ ഭാഗവത്; വര്‍ഗീയ സംഘടനയായാണ് ആര്‍.എസ്.എസിനെ ഗാന്ധിജി വിലയിരുത്തിയിരുന്നതെന്ന് കോണ്‍ഗ്രസിന്റെ മറുപടി

ഗാന്ധിജിയെ പുകഴ്ത്തി മോഹന്‍ ഭാഗവത്;   വര്‍ഗീയ സംഘടനയായാണ് ആര്‍.എസ്.എസിനെ ഗാന്ധിജി വിലയിരുത്തിയിരുന്നതെന്ന് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പുകഴ്ത്തി ആര്‍.എസ്.എസ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ സംഭാവനകള്‍ അവിസ്മരണീയമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജയദശമി റാലിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ ഗാന്ധി സ്തുതി.

സ്വാതന്ത്ര്യ സമര സേനാനികളില്‍ പ്രമുഖന്‍ മാത്രമല്ല ഗാന്ധിജി. ഭാരതത്തിന്റെ 'സ്വത്വ'ത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്തവരില്‍ പ്രത്യേക സ്ഥാനമുള്ള വ്യക്തി കൂടിയാണ് അദേഹമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും തന്റെ പ്രസംഗത്തില്‍ അദേഹം പുകഴ്ത്തി. ലാളിത്യം, വിനയം, സമഗ്രത, ദൃഢനിശ്ചയം എന്നിവയുടെ പ്രതീകമായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചുവെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

നമ്മുടെ വാക്കുകള്‍ ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപമാനിക്കുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും മാഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

വൈദേശിക ആശയധാരകളെ ഇന്ത്യ സ്വീകരിച്ചു. വൈവിധ്യമാണ് രാജ്യത്തിന്റെ സംസ്‌കാരം. എന്നാല്‍ ഈ വൈവിധ്യത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണ്. പല ആശയങ്ങള്‍ ഉള്‍കൊള്ളുന്നവര്‍ക്കിടയില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

എന്നാല്‍ ഐക്യവും രാജ്യത്തെ നിയമങ്ങളും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. നിയമം കയ്യിലെടുക്കുന്നതും ഗുണ്ടായിസവും ശരിയായ രീതിയല്ല. ഒരു സമൂഹത്തെ പ്രകോപിപ്പിക്കാനും ശക്തി പ്രകടനം നടത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ധൈര്യവും ലാളിത്യവും കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവാണ് മഹാത്മാ ഗാന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്മരിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഗാന്ധിയുടെ പാത പിന്തുടരുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

അതേസമയം ആര്‍.എസ്.എസിന്റെ ഗാന്ധി സ്തുതിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി ഗാന്ധിയും പട്ടേലും നെഹ്റുവുമൊക്കെ പോരാടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ആര്‍.എസ്.എസിന് ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലുകാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.

ആര്‍.എസ്.എസിനെ ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയായാണ് ഗാന്ധിജി വിലയിരുത്തിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ കുറിച്ചു. ഗാന്ധിജിയുടെ അടുത്ത സഹയാത്രികനും പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന പ്യാരീലാല്‍ നയ്യാര്‍ എഴുതിയ പുസ്തകത്തിലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്.

തന്റെ സഹപ്രവര്‍ത്തകനോടായിരുന്നു ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഗാന്ധി കൊല്ലപ്പെടുന്നതിന് നാലര മാസങ്ങള്‍ക്ക് മുന്‍പ് 1947 സെപ്റ്റംബര്‍ പന്ത്രണ്ടിനായിരുന്നു ഈ സംഭാഷണം. ഇതിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍.എസ്.എസ് സംഘടനയെ നിരോധിച്ചുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലെ പേജുകളും അദേഹം തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചു.

ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകളും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദേഹത്തെ പുകഴ്ത്തിയതായി കണ്ടു.

1948 ജൂലൈ പതിനെട്ടിന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ സര്‍ദാര്‍ പട്ടേല്‍ എന്താണ് എഴുതിയിരുന്നത് എന്നതിനെ കുറിച്ച് മോഡിക്ക് ധാരണയുണ്ടോ എന്ന് ജയറാം രമേശ് ചോദിച്ചു. പട്ടേല്‍ എഴുതിയ കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് സൂചിപ്പിക്കുന്നുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.