ചെന്നൈ: തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷന്റെ പുതിയ ചെയര്‍മാനായി ഫാദര്‍ ജോസ് അരുണ്‍ നിയമിതനായി. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. ജെസ്യൂട്ട് ചെന്നൈ പ്രവിശ്യയിലെ അംഗമായ ഫാദര്‍ അരുണ്‍ മുന്‍ പാര്‍ലമെന്റ് അംഗം പീറ്റര്‍ അല്‍ഫോന്‍സിന്റെ പിന്‍ഗാമിയാണ്.
ഫാദര്‍ അരുണ്‍ ജെസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് സൗത്ത് ഏഷ്യയിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറിയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ (LIBA) ഡയറക്ടറുമാണ്.
അക്കാദമിക് മേഖലയില്‍ 23 വര്‍ഷത്തെ പരിചയമുള്ള ഫാദര്‍ അരുണ്‍ ഉപഭോക്തൃ പെരുമാറ്റം, ക്രോസ്-കള്‍ച്ചറല്‍ മാനേജ്‌മെന്റ് തുടങ്ങി നിരവധി വിഷയങ്ങളില്‍ വിപുലമായ ഗവേഷണവും നടത്തിയിട്ടുണ്ട്. കൂടാതെ വ്യക്തിഗത വളര്‍ച്ച, ആഗോളവല്‍ക്കരണം, നേതൃത്വം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങളും ശാസ്ത്രീയ പ്രബന്ധങ്ങളും അദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐഐബിഎം, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എംബിഎ ബിരുദവും യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ട്രിച്ചിയിലെ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുന്‍ ഡയറക്ടര്‍ എന്ന നിലയില്‍, സ്ഥാപനത്തെ ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാക്കി മാറ്റാന്‍ അദേഹം നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ലയോള കോളേജ്, പാളയംകോട്ടൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളിലും അദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റില്‍ സ്ഥാപിതമായ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു നിയമാനുസൃത സ്ഥാപനമാണ്.
കേരളത്തില്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട പദവികളും ആനുകൂല്യങ്ങളും ഒരു പ്രത്യേക സമുദായത്തിന് മാത്രം അവകാശപ്പെട്ട രീതിയിലാണ് കാലങ്ങളായി നാം കണ്ടുവരുന്നത്. അതില്‍ നിന്നും വ്യത്യസ്തമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട്.