മുസാഫറാബാദ്: പാക് അധീന കാശ്മീരില്‍ (പി.ഒ.കെ) നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിച്ചു. സമരക്കാരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിനിധി സംഘം എജെകെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുമായി അന്തിമ കരാറില്‍ ഒപ്പുവച്ചതായി പാകിസ്ഥാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി പറഞ്ഞു. പ്രതിഷേധക്കാര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയാണെന്നും എല്ലാ റോഡുകളും വീണ്ടും തുറന്നുവെന്നും അദേഹം അറിയിച്ചു.
ഒരാഴ്ചയോളം നീണ്ട പ്രക്ഷോഭത്തെ തുടര്‍ന്ന് മേഖലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ്ലൈന്‍ സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. സമരക്കാരും സുരക്ഷാ സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
പാക് അധീന കാശ്മീരിലെ 12 നിയമസഭാ സീറ്റുകളില്‍ കാശ്മീരി അഭയാര്‍ഥികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്സിഡി നല്‍കുക, സൗജന്യ വിദ്യാഭ്യാസം, വൈദ്യുതി നികുതി കുറയ്ക്കുക തുടങ്ങിയ 38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നാരോപിച്ച് സെപ്റ്റംബര്‍ 29 നാണ് സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചതായാണ് വിവരം.
സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. സമാധാനം പുനസ്ഥാപിച്ചതും സാധാരണനിലയിലേക്ക് മടങ്ങിയതും ഒരു നല്ല സംഭവ വികാസമാണെന്നും അദേഹം പറഞ്ഞു.
അതിനിടെ പാക് അധീന കാശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തലിന്റെ പേരില്‍ പാകിസ്ഥാനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. 'ഭയാനകമായ' മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അയല്‍രാജ്യം ഉത്തരം പറയേണ്ടിവരുമെന്നും ഇന്ത്യ പറഞ്ഞു.