തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് വീണ്ടു വിചാരം. ഇക്കാര്യത്തില്‍ പരാതി ഉള്ളവരുമായി ചര്‍ച്ചയ്ക്ക് തുറന്ന മനസാണെന്നും പരാതികള്‍ പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കോടതി വിധികള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ഒരിക്കല്‍ക്കൂടി നിയമോപദേശം പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടപ്പാക്കുന്നതെന്നും അതില്‍ നിന്ന് പിന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി നിയമ സഭയില്‍ പറഞ്ഞത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ക്രൈസ്തവ സഭകളില്‍ നിന്നും മാനേജ്മെന്റുകളില്‍ നിന്നും ഉണ്ടായത്.
തൃശൂര്‍ ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷന്‍ ദിയോസ്‌കോറസ് മെത്രാപ്പൊലീത്തയും ഇന്ന് സര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു. കൂടാതെ സഭകളില്‍ നിന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ അയഞ്ഞത്. നേരത്തെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭിന്നശേഷി അധ്യാപക നിയമനം നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോള്‍ പറയുന്നത്.