ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും മൂന്ന് പേര്‍ക്ക്

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും മൂന്ന് പേര്‍ക്ക്

സ്റ്റോക്‌ഹോം: 2025 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിങിന്റെയും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ 1984-85 കാലഘട്ടത്തില്‍ നടത്തിയ ഗവേഷണത്തിനാണ് പുരസ്‌കാരം.

ക്വാണ്ടം മെക്കാനിക്കല്‍ പ്രതിഭാസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത് ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ്.

കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സര്‍ക്യൂട്ടില്‍ ക്വാണ്ടം മെക്കാനിക്കല്‍ ടണലിങും, ക്വാണ്ടൈസ്ഡ് ഊര്‍ജ നിലകളും സാധ്യമെന്ന് തെളിയിക്കാന്‍ ജോണ്‍ ക്ലാര്‍ക്കിനും സംഘത്തിനുമായി. ക്വാണ്ടം കമ്പ്യൂട്ടിങിന്റെ പുരോഗതിയില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകവുമായി.

ഇന്നലെ പ്രഖ്യാപിച്ച ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനവും മൂന്ന് പേര്‍ക്കായിരുന്നു. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശേഷി സംബന്ധിച്ച നിര്‍ണായക കണ്ടെത്തലിന് അമേരിക്കന്‍ ശാസ്ത്രജ്ഞരായ മേരി ഇ. ബ്രൊങ്കോവ്, ഫ്രെഡ് റംസ്‌ദെല്‍, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഡോ. ഷിമോണ്‍ സകാഗുചി എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവര്‍ക്കായിരുന്നു ലഭിച്ചത്. ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിങിന് അടിസ്ഥാനമായ രീതികള്‍ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചതിനാണ് അവര്‍ അംഗീകരിക്കപ്പെട്ടത്.

ഇതുവരെ 226 പേര്‍ക്കാണ് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര നല്‍കിയിട്ടുള്ളത്. രസതന്ത്രത്തിനുള്ള നൊബേല്‍ ബുധനാഴ്ചയും സാഹിത്യത്തിനുള്ള നൊബേല്‍ വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ഒക്ടോബര്‍ 11 ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.