മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര വ്യാപാര കരാറിനു ശേഷം ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുകെ സന്ദർശന വേളയിലാണ് ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഒപ്പുവച്ചത്. പ്രധാനമന്ത്രി സ്റ്റാർമറുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മോഡി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രതിനിധി സംഘമാണ് ഇന്ന് പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പം ഉള്ളത്. ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ യുകെയിലെ ഒമ്പത് സർവകലാശാലകൾ ഇപ്പോൾ തയ്യാറായിരിക്കുന്നത് സന്തോഷകരമാണ് എന്നും മോഡി വ്യക്തമാക്കി.
“ഇന്നലെ ഇന്ത്യയും യുകെയും തമ്മിൽ ബിസിനസ് നേതാക്കളുടെ ഏറ്റവും വലിയ ഉച്ചകോടി നടന്നു. ഇന്ന് നമ്മൾ ഇന്ത്യ-യുകെ സിഇഒ ഫോറത്തെയും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിനെയും അഭിസംബോധന ചെയ്യും. ഇതെല്ലാം ഇന്ത്യ-യുകെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും അവസരങ്ങളും നൽകും” എന്ന് പ്രധാനമന്ത്രി അറിയിച്ചു.