സിഡ്നി ഓപ്പറാ ഹൗസിലേക്കുള്ള പാലസ്തീൻ അനുകൂല റാലിക്ക് കോടതി അനുമതി നിഷേധിച്ചു; വിധി മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചാൽ ക്രിമിനല്‍ ശിക്ഷാ നടപടിക്ക് സാധ്യത

സിഡ്നി ഓപ്പറാ ഹൗസിലേക്കുള്ള പാലസ്തീൻ അനുകൂല റാലിക്ക് കോടതി അനുമതി നിഷേധിച്ചു; വിധി മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചാൽ ക്രിമിനല്‍ ശിക്ഷാ നടപടിക്ക് സാധ്യത

സിഡ്‌നി: സിഡ്‌നി ഓപ്പറാ ഹൗസിലേക്ക് 12ാം തിയതി ഞായറാഴ്ച നടത്താനിരുന്ന പാലസ്തീന്‍ അനുകൂല റാലിക്ക് കോടതി അനുമതി നിഷേധിച്ചു. പൊതു ജന സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും വലിയ ജനക്കൂട്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് സ്റ്റീഫൻ ഫ്രീയും ജസ്റ്റിസ് ഇയാൻ ഹാരിസണും ചേർന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മാർച്ചിൽ ഏകദേശം 10,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ ഗാസ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ എണ്ണം ഒരു ലക്ഷത്തോളം എത്താനിടയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധി മറികടന്ന് ഓപ്പറാ ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പാലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് വ്യക്തമാക്കി. ഓപ്പറാ ഹൗസിന് പകരം മറ്റൊരു റൂട്ടിലൂടെ റാലി നടത്തുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് ശരിയായ തീരുമാനം ആണ്. എല്ലാവരും ഈ വിധിയെ മാനിക്കണം എന്ന് അദേഹം പറഞ്ഞു.

അതേസമയം ഞായറാഴ്ചത്തെ റാലിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ സംഘാടകരുമായി ബന്ധപ്പെടുന്നുണ്ടെന്ന് സംഘാടകരുമായി ചേർന്ന് പ്രവർത്തുന്നുണ്ടെന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.