ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് പാക്കേജിന് കൂടുതല്‍ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൂടിക്കാഴ്ച. രാവിലെ 10 നാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.
വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ 206. 56 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍,അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരുന്നതിന് കടമെടുക്കല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ജി എസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.