മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം; കാരണം വ്യക്തമല്ല

മുഖ്യമന്ത്രിയുടെ  ഗള്‍ഫ് പര്യടനത്തിനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം; കാരണം വ്യക്തമല്ല

തിരുവനന്തപുരം: ഗള്‍ഫ് പര്യടനത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷയ്ക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനമായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ഈ മാസം 16 മുതല്‍ അടുത്ത മാസം ഒമ്പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16 ന് ബഹ്‌റിനില്‍ നിന്നാണ് പര്യടനം തുടങ്ങാന്‍ പ്ലാനിട്ടിരുന്നത്. 17 ന് ദമാം, 18 ന് ജിദ്ദ, 19 ന് റിയാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മറ്റുള്ള ദിവസങ്ങള്‍ ഒമാന്‍, ഖത്തര്‍, കുവൈറ്റ്, അബുദാബി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുമായിരുന്നു പരിപാടി.

ഇടതുസര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത് എന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സന്ദര്‍ശനം എന്നാണ് യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ വിലയിരുത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.