ന്യൂഡല്‍ഹി: താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് പദവി താഴ്ത്തിയ കാബൂളിലെ ഇന്ത്യന്‍ എംബസി പൂര്‍ണ നയതന്ത്ര ബന്ധങ്ങളോടെ പുനസ്ഥാപിക്കാന്‍ തീരുമാനം. കാബൂളില്‍ നിലവിലുള്ള ഇന്ത്യയുടെ സാങ്കേതിക ദൗത്യ സംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നെന്ന സൂചനകള്‍ വരുന്നത്. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി താലിബാന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തു വരുന്ന വിവരം.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍ താല്‍ക്കാലികമായെങ്കിലും നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചത്.
അഫ്ഗാനിലേക്ക് ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണെങ്കില്‍ മതിയായ സുരക്ഷ നല്‍കുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു സാങ്കേതിക സംഘത്തെ എംബസിയിലേക്ക് വിന്യസിച്ചത്. അപ്പോഴും നയതന്ത്ര ബന്ധം പൂര്‍ണ തോതില്‍ ആയിരുന്നില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അഫ്ഗാന്‍ ജനത നേരിടുമ്പോള്‍ രാജ്യം എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം നടത്താന്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പു നല്‍കുന്നതായി അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി വ്യക്തമാക്കി.