ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. ഉന്നതല നയതന്ത്ര പരിപാടിയുടെ റിപ്പോര്‍ട്ടിങില്‍ ലിംഗപരമായ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാര്‍ത്താ സമ്മേളനം നടന്നത്.
ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടന്നെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കാതിരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതിനെതിരെ മാധ്യമ പ്രവര്‍ത്തകരും സാമൂഹിക മാധ്യമ ഉപയോക്താക്കളും രോഷം പ്രകടിപ്പിക്കുകയും ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതികരിക്കുകയും ചെയ്തു. വനിതാ റിപ്പോര്‍ട്ടര്‍മാരുടെ അസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ച് താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ നേരിടുന്ന വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ പ്രതിഫലനമാണെന്നാണ് പലരും പ്രതികരിച്ചത്.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 2,200 ലധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അപരിചിതരായ പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കര്‍ശന താലിബാന്‍ നിയമം നിലവിലുള്ളതിനാല്‍ പുരുഷ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെ സ്പര്‍ശിക്കാന്‍ വിലക്കുള്ളതിനാല്‍ ഒട്ടേറെ സ്ത്രീകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയിരുന്നു. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കാന്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ചാണ് പുറത്തെടുത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം വനിതാ രക്ഷാപ്രവര്‍ത്തകര്‍ എണ്ണത്തില്‍ കുറവായിരുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ ലിംഗപരമായ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് അഫ്ഗാന്‍ സ്ത്രീകള്‍ ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം നിഷേധിച്ചു. മിക്ക തൊഴിലുകളില്‍ നിന്നും സ്ത്രീകളെ വിലക്കി, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യുന്നത് നിയന്ത്രിച്ചു, പാര്‍ക്കുകളും ജിമ്മുകളും പോലുള്ള പൊതു ഇടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.