തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് എഡിജിപി ആയിരുന്ന എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ പോയി കണ്ടതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് രണ്ട് വര്‍ഷം മറച്ചു വച്ചെന്നും അദേഹം ചോദിച്ചു.
മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത് കുമാര്‍ കാണാന്‍ പോയത്. തൃശൂര്‍ പൂരം കലക്കിയെന്നും തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഇതിന് പിന്നാലെയാണ് വരുന്നത്.
ഇതെല്ലാം സെറ്റില്‍മെന്റ് ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍. യഥാര്‍ത്ഥ വസ്തുത പുറത്തു വരണം. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസില്‍ തുടര്‍ നടപടികളുമായി എന്തുകൊണ്ട് മുമ്പോട്ട് പോയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി വേണം. ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും.
ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് ഷാഫി പറമ്പില്‍ എംപിയെയും സഹ പ്രവര്‍ത്തകരെയും ആക്രമിച്ച് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകും. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.