തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു.
മറ്റ് തടസങ്ങളില്ലെന്നും നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദേഹം അറിയിച്ചു. അവര്‍ വന്നാല്‍ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദേഹം പറഞ്ഞു.
നിലവില്‍ സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി എല്ലായിടത്തും ഒരു പ്രശ്‌നവുമില്ലാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സിപിഐയിലെ നേതാക്കന്മാരും ഉള്‍പ്പെടെ പലരുമായിട്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ് വെളിപ്പെടുത്തി.