ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അദേഹത്തിന്റെ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് മോഡി വ്യക്തമാക്കി. മോഡിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയാണെന്ന് സെര്‍ജിയോ ഗോര്‍ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിനെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അദേഹത്തിന്റെ കാലയളവ് ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവും തന്ത്രപരവുമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പുതിയ യുഎസ് സ്ഥാനപതിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഗോര്‍ സമ്മാനമായി നല്‍കിയ ട്രംപിനൊപ്പമുള്ള ചിത്രവും അദേഹം എക്സില്‍ പങ്കുവെച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യുഎസ് സ്ഥാനപതിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത സഹായിയുമാണ് 38 കാരനായ സെര്‍ജിയോ ഗോര്‍. മാനേജ്‌മെന്റ് ആന്‍ഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിള്‍ ജെ. റിഗാസിനൊപ്പമാണ് ഗോര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആറ് ദിവസത്തെ പര്യടനത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഗോര്‍ കൂടിക്കാഴ്ച നടത്തും.
മോഡിയെ മഹാനും ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തായുമാണ് ട്രംപ് കണക്കാക്കുന്നതെന്ന് ഗോര്‍ പറഞ്ഞു. മോഡിയുമായി അവിശ്വസനീയമായ ഒരു കൂടിക്കാഴ്ച നടത്താന്‍ എനിക്കായി. തങ്ങള്‍ വ്യാപാരം, സുപ്രധാന ധാതുക്കള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ അടുത്ത അംബാസഡറായി സെനറ്റ് അദേഹത്തിന്റെ നിയമനം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ യുഎസ് സ്ഥാനപതി പറഞ്ഞു.