വത്തിക്കാൻ സിറ്റി: മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം റോമിലെത്തി. നൂറിലധികം രാജ്യങ്ങളിൽ നിന്നായി മുപ്പതിനായിരത്തിലധികം തീർത്ഥാടകർ ചടങ്ങുകളിൽ പങ്കെടുത്തു.
സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാർത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും മരിയൻ ആത്മീയതയുടെ ജൂബിലിയുടെ പ്രത്യേക പ്രാധാന്യം പരിഗണിച്ചാണ് ഈ അവസരത്തിൽ റോമിലേക്ക് കൊണ്ടുവന്നത്.
ഒക്ടോബർ 11 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് റോമിലെ ത്രസ്പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഫാത്തിമ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. കാർലോസ് കബെസിനാസ് വിശുദ്ധ ബലി അർപ്പിച്ചു. തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുസ്വരൂപം വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് കൊണ്ടുവന്നു. രൂപം വഹിച്ചത് വിശുദ്ധ പത്രോസ് - പൗലോസ് അസോസിയേഷൻ അംഗങ്ങളായിരുന്നു.
ചത്വരത്തിന് പുറത്തു നിന്ന് പൊന്തിഫിക്കൽ ഗാർഡിന്റെയും ജെന്താർമെറിയയുടെയും അകമ്പടിയോടെ തിരുസ്വരൂപം ബസിലിക്കയ്ക്ക് മുന്നിലെത്തിച്ചു. ഘോഷയാത്രയ്ക്കിടയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്തേക്കും തിരുസ്വരൂപം എത്തിച്ചു. അതിനിടെ റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഭക്തിഗാനങ്ങൾ ആലപിച്ചു.
വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സമാധാനത്തിനായി ജപമാലാ പ്രാർത്ഥന നടന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് പ്രാർത്ഥിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഈ പ്രാർത്ഥന. പ്രാർത്ഥനയ്ക്ക് മുമ്പ് മാർപാപ്പ ഫാത്തിമ മാതാവിന് മുന്നിൽ സ്വർണ റോസാപുഷ്പം സമർപ്പിച്ചു.
ഓരോ ജപമാലാ രഹസ്യത്തോടനുബന്ധിച്ച് 1962 ഒക്ടോബർ 11 ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാർഷികം അനുസ്മരിച്ച് ലുമെൻ ജെൻസ്യം എന്ന കൗൺസിൽ രേഖയിൽ നിന്നുള്ള വായനയും നടന്നു. അതിൽ ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യങ്ങളിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. തുടർന്ന് സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും നടന്നു.