പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍

കാബൂള്‍: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

ഡ്യൂറണ്ട് ലൈനിലെ ഹെല്‍മണ്ട്, കുനാര്‍ പ്രവിശ്യകള്‍ ഉള്‍പ്പെടെ നിരവധി പാക് ആര്‍മി ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകിയാണ് അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചത്.

അതേസമയം പുതിയ ആക്രമണത്തില്‍ തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായി പാകിസ്ഥാനും അറിയിച്ചു. അതില്‍ താലിബാന്‍ സേനയിലെ ഒമ്പത് അംഗങ്ങള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അതിര്‍ത്തിയിലെ പലയിടങ്ങളിലും വലിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ പൊലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 20 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.

താലിബാനെ തങ്ങളുടെ പ്രദേശം ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും പാക് സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും പാകിസ്ഥാന്‍ പ്രതിരോധ വക്താവ് പറഞ്ഞു.

അതേസമയം ഡ്യൂറണ്ട് രേഖയിലെ പാകിസ്ഥാന്‍ സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് വ്യക്തമാക്കി.

ഹെല്‍മണ്ട്, കാണ്ഡഹാര്‍, പക്തിക, ഖോസ്റ്റ്, സാബുല്‍, നന്‍ഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ സൈനിക ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ കടുത്ത മറുപടി നല്‍കിയതായും യാക്കൂബ് മുജാഹിദ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.