ഡ്രൊഹെഡ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ ഭാഗമായ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസുകളുടെ തുടക്കവും അയർലൻഡിലെ ഡ്രൊഹെഡയിലെ ടുള്ളിയല്ലെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സെന്റ് തോമസ് സിറോ മലബാർ ചർച്ച് ഡ്രൊഹെഡയുടെ ആഭിമുഖ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന  ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ഡ്രൊഹെഡ സോൺ പ്രവർത്തനങ്ങൾ ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചീഫ് കോർഡിനേറ്റർ അനുഗ്രഹ മെൽവിൻ, പ്രസിഡന്റ് ബ്രൂസ് ജോൺ, സെക്രട്ടറി ലിജോ സി. തോമസ്, മാതാപിതാക്കളുടെ പ്രതിനിധി ബെസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ മലയാള മിഷൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു. അറുപതോളം വിദ്യാർത്ഥികളും നിരവധി മാതാപിതാക്കളും പങ്കെടുത്ത ഈ ചടങ്ങ് മലയാള ഭാഷയുടെ പൈതൃകം പുതുതലമുറയിലേക്ക് പകർന്ന് നൽകാനുള്ള സംരംഭത്തിന്റെ ഉജ്ജ്വല തുടക്കമായി.