യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം; ദേശീയ സെക്രട്ടറി സ്ഥാനം വേണ്ട, പഴയ വൈസ് പ്രസിഡന്റ് പദവി മതി: അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം;  ദേശീയ സെക്രട്ടറി സ്ഥാനം വേണ്ട, പഴയ വൈസ് പ്രസിഡന്റ് പദവി മതി:  അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. ഒ.ജെ ജനീഷിനെ പ്രസിഡന്റാക്കിയതിലുള്ള അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബിന്‍ വര്‍ക്കി രംഗത്ത് വന്നു.

നേരത്തേതു പോലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തുടരാനാണ് ആഗ്രഹം. സംസ്ഥാന തലത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും പാര്‍ട്ടി ഫോറത്തില്‍ നിലപാട് പറയുമെന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം തെറ്റായിപ്പോയെന്ന് പറയില്ല. പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വരെയായി. ഇതൊക്കെ ആകുമ്പോള്‍ ഏറ്റവും കടപ്പാട് രാഹുല്‍ ഗാന്ധിയോടാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനടക്കമുള്ളവര്‍ കടന്നു വന്നത്.

എന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്ന ടാഗ് കൂടി വരുമ്പോള്‍ മാത്രമേ എനിക്കൊരു മേല്‍വിലാസമുണ്ടായതായി ഞാന്‍ കരുതുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ മേല്‍വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കോണ്‍ഗ്രസ് മഹായുദ്ധമാണ് കേരളത്തില്‍ നടത്തുന്നത്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഉണ്ടാകേണ്ട അനിവാര്യതയുണ്ട്. ഞാനടക്കമുള്ള ആളുകള്‍ കുറേക്കാലമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും ബിജെപിക്കുമെതിരെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം സമരങ്ങളും മറ്റും നടത്തി വരികയാണ്.

ഇപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമൊക്കെ വരികയാണ്. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹം. കേരളത്തില്‍ തുടരാന്‍ സാധിക്കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. അത് മറ്റൊരു തലത്തിലുമുള്ള വെല്ലുവിളിയായി കാണരുത്.

ഞാന്‍ വിധേയനായ പാര്‍ട്ടി പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് എന്ന വികാരം മാത്രമാണ് എന്റെ നെഞ്ചിലുള്ളത്. കോണ്‍ഗ്രസ് എന്ന അഡ്രസാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. എനിക്ക് ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാവരും ഒപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ചുപറയുന്ന താനെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

ഇന്നലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ ജനീഷിനെയും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെയും ദേശീയ നേതൃത്വം നിയമിച്ചത്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രാജിവച്ച ഒഴിവിലാണ് ജനീഷിന്റെ നിയമനം. സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റ് പദവി. അബിന്‍ വര്‍ക്കി, കെ.എം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും നിയമിച്ചിരുന്നു.

ഗ്രൂപ്പ് താല്‍പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അബിന്‍ വര്‍ക്കിക്കു വേണ്ടി ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെ.എം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും ബലപരീക്ഷണം തുടങ്ങിയതോടെയാണ് ഒ.ജെ ജനീഷിന്റെ പേര് സമവായ നീക്കത്തില്‍ ഒന്നാമതെത്തിയത്.

സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടു വച്ചത്.

എ ഗ്രൂപ്പിന്റെ കൈയിലുള്ള പ്രസിഡന്റ് പദവിക്ക് തുടര്‍ച്ച വേണമെന്ന വാദവുമായി എ ഗ്രൂപ്പും എം.കെ രാഘവനുമടക്കമുള്ള നേതാക്കളും അഭിജിത്തിനെ പിന്തുണച്ചു. കെ.സി വേണുഗോപാല്‍ പക്ഷം ഹരിപ്പാട് നിന്നുള്ള ബിനു ചുള്ളിയിലിനെ കൊണ്ടുവരാനും നീക്കം തുടങ്ങി. തര്‍ക്കം മുറുകിയതോടെ സമവായ സ്ഥാനാര്‍ത്ഥിയായി ഒ.ജെ ജനീഷിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.