ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്നത് ഒരിക്കൽ മാത്രമുള്ള പ്രവൃത്തിയല്ല ദൈനംദിന പ്രതിബദ്ധതയാണെന്ന് മറിയം പഠിപ്പിക്കുന്നു; മാതാവിനൊപ്പം ക്രിസ്തുവിലേക്ക് യാത്ര ചെയ്യാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്നത് ഒരിക്കൽ മാത്രമുള്ള പ്രവൃത്തിയല്ല ദൈനംദിന പ്രതിബദ്ധതയാണെന്ന് മറിയം പഠിപ്പിക്കുന്നു; മാതാവിനൊപ്പം ക്രിസ്തുവിലേക്ക് യാത്ര ചെയ്യാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിലേക്ക് തിരിയാനും അവിടുത്തെ അനുഗമിക്കാനുമുള്ള മനോഹരമായ ഒരു മാതൃകയായി പരിശുദ്ധ മറിയത്തെ കാണണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. മരിയൻ ആധ്യാത്മികതയുടെ കേന്ദ്രം യേശുവാണെന്നും അത് നമ്മുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നു എന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ഞായറാഴ്ച വത്തിക്കാനിൽ മരിയൻ ആധ്യാത്മികതയുടെ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ. മരിയഭക്തി സുവിശേഷത്തെ ശുശ്രൂഷിക്കുകയും അതിന്റെ ലാളിത്യം വെളിപ്പെടുത്തുകയും കൂടുതൽ പൂർണതയോടെ സുവിശേഷം ജീവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നുവെന്ന് മാർപാപ്പ വിശദീകരിച്ചു.

മരിയൻ ആധ്യാത്മികത

നസറത്തിലെ മറിയത്തോടൊപ്പം യേശുവിന്റെ ശിഷ്യരാകാൻ മരിയ ഭക്തി നമുക്ക് പ്രചോദനം നൽകുന്നു. നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കാനും വിചിന്തനം ചെയ്യാനും അത് നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ രക്ഷാകര പ്രവൃത്തിയിലേക്ക് മരിയൻ ആധ്യാത്മികത നമ്മെ മാടിവിളിക്കുന്നു. സ്വർഗ്ഗം തുറക്കപ്പെട്ട ആ ചരിത്ര സംഭവത്തിന്റെ ആഴങ്ങളിലേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

അഹങ്കാരികൾ തങ്ങളുടെ അഹങ്കാരത്തിൽ ചിതറിക്കപ്പെടുന്നതും ശക്തർ സിംഹാസനങ്ങളിൽ നിന്ന് താഴെ ഇറക്കപ്പെടുന്നതും സമ്പന്നർ വെറുംകൈയോടെ പറഞ്ഞയക്കപ്പെടുന്നതും കാണാൻ അത് നമ്മെ സഹായിക്കുന്നു. വിശക്കുന്നവരെ സംതൃപ്തരാക്കുന്നവനും എളിയവരെ ഉയർത്തുന്നവനുമായ ദൈവത്തിന്റെ കരുണ ഓർമ്മിക്കാനും അവിടുത്തെ ശക്തിയിൽ ആശ്രയിക്കാനും മരിയഭക്തി നമ്മെ പ്രേരിപ്പിക്കുന്നു.

മറിയത്തിന്റെ സ്തോത്രഗീതം

ദൈവഹിതത്തിന് മറിയം ആമേൻ പറഞ്ഞത് ഒരിക്കൽ മാത്രമുള്ള അവളുടെ പ്രവൃത്തി ആയിരുന്നില്ല മറിച്ച്, അത് ഒരു ദൈനംദിന പ്രതിബദ്ധതയായിരുന്നു. ദൈവരാജ്യത്തിന്റെ ഭാഗമാകാൻ വിളിക്കപ്പെട്ട നാമും മറിയത്തെപ്പോലെ അനുദിനം 'ആമേൻ' പറയേണ്ടവരാണ്.

പത്തു കുഷ്ഠരോഗികളെക്കുറിച്ചുള്ള അന്നത്തെ സുവിശേഷ ഭാഗമാണ് പാപ്പാ തുടർന്ന് വിചിന്തനം ചെയ്തത്. സൗഖ്യം പകരുന്ന ദൈവകൃപ നമ്മെ സ്പർശിച്ചാലും, അത് യാതൊരു പ്രതികരണവും നമ്മിൽ ഉളവാക്കണമെന്നില്ല എന്ന് സുവിശേഷത്തിലെ ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. യേശുവിനെ അനുഗമിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ദേവാലയത്തിലേക്കുള്ള നമ്മുടെ യാത്രകൾ ഒഴിവാക്കുകയാണ് നല്ലതെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.

അയൽക്കാരിൽനിന്ന് നമ്മെ അകറ്റുന്ന മതപരമായ ആചാരങ്ങളെക്കുറിച്ചും പാപ്പ മുന്നറിയിപ്പു നൽകി. ചില ആരാധനാ രീതികൾ മറ്റുള്ളവരുമായുള്ള നമ്മുടെ കൂട്ടായ്മ വളർത്താൻ ഉതകാത്തതും ഹൃദയങ്ങൾ മരവിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. നമ്മുടെ ജീവിതത്തിലേക്ക് ദൈവം കൊണ്ടുവരുന്ന ആളുകളെ കണ്ടുമുട്ടാൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് സാധിക്കാതെ വരുന്നു. ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും മറിയത്തെപ്പോലെ സ്തോത്രഗീതങ്ങളിലൂടെ ആനന്ദം പങ്കുവയ്ക്കാനും അക്കാരണത്താൽ നാം പരാജയപ്പെടുന്നു.

നമ്മിൽനിന്ന് വ്യത്യസ്തരായവരെ, പ്രത്യേകിച്ച് പാവപ്പെട്ടവരെ, ശത്രുക്കളായി കരുതുന്ന വിശ്വാസ ചൂഷണശ്രമങ്ങൾ ഒഴിവാക്കുകയും ഉപേക്ഷിക്കുകയും ചെയ്യണമെന്ന താക്കീതും പരിശുദ്ധ പിതാവ് നൽകി.

മറിയത്തോടൊപ്പം ക്രിസ്തുവിനെ പിഞ്ചെല്ലുക

മറിയത്തോടൊപ്പമുള്ള യാത്ര യേശുവിലേക്കും നമ്മുടെ സഹായം ആവശ്യമുള്ളവരിലേക്കും എപ്പോഴും നമ്മെ അടുപ്പിക്കുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. മറിയം പിന്തുടരുന്നത് യേശുവിന്റെ പാത തന്നെയാണ്. അത് എല്ലാ മനുഷ്യ വ്യക്തികളെയും, പ്രത്യേകിച്ച് ദരിദ്രരെയും മുറിവേറ്റവരെയും പാപികളെയും കണ്ടുമുട്ടുന്നതിലേക്ക് നമ്മെ നയിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സ്നേഹത്തിന്റെയും ആർദ്രതയുടെയും മാതൃക

യഥാർത്ഥ മരിയൻ ആധ്യാത്മികത ദൈവത്തിൻ്റെ ആർദ്രത, മാതൃഭാവം എന്നിവ വെളിപ്പെടുത്തുന്നതും സഭയെ പ്രകാശിപ്പിക്കുന്നതുമാണ്. മറിയത്തെ നോക്കുമ്പോഴെല്ലാം നമുക്ക് കാണാനാവുന്നത് സ്നേഹത്തിന്റെയും ആർദ്രതയുടെയും വിപ്ലവാത്മകതയാണ്. അവളിൽ വിളങ്ങിയിരുന്ന വിനയവും ആർദ്രതയും ദുർബലരുടെ ഗുണങ്ങൾ ആയിരുന്നില്ല മറിച്ച്, ശക്തരുടെതായിരുന്നു. തങ്ങളുടെ പ്രാധാന്യം കാണിക്കാനായി അവർക്ക് ഒരിക്കലും മറ്റുള്ളവരോട് മോശമായി പെരുമാറേണ്ടി വരുന്നില്ലെന്ന് പാപ്പ പറഞ്ഞു.

സാമൂഹിക പരിവർത്തനത്തിലേക്കും നവീകരണത്തിലേക്കുമുള്ള പാത

മരിയഭക്തി അനുകമ്പ നഷ്ടപ്പെടുത്താതെയുള്ള പ്രവർത്തനങ്ങളിലേക്കും സാമൂഹിക പരിവർത്തനത്തിലേക്കും നയിക്കുമെന്ന് ലിയോ പാപ്പാ പറഞ്ഞു. 'ശക്തരെ അവരുടെ സിംഹാസനങ്ങളിൽ നിന്ന് താഴെയിറക്കിയതിനും സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചതിനും' ദൈവത്തെ സ്തുതിച്ച മറിയം, നീതിയെ പിന്തുടരാൻ നമുക്ക് ഉത്തമവും ഊഷ്മളവുമായ ഒരു മാതൃക നൽകുന്നു.

മാർപാപ്പ തുടർന്നു: നീതിയും സമാധാനവും തേടുന്ന ഒരു ലോകത്ത്, ഭൂമിയുടെ മുഖം എന്നേക്കുമായി മാറ്റിമറിച്ച ക്രിസ്തീയ ആത്മീയതയും ദൈവം അനുഗ്രഹിച്ച സ്ഥലങ്ങളോടും സംഭവങ്ങളോടുമുള്ള ഭക്തിയും നമുക്ക് പുനരുജ്ജീവിപ്പിക്കാം. നവീകരണത്തിനും പരിവർത്തനത്തിനുമുള്ള ഒരു പ്രേരക ശക്തിയായി നമുക്ക് അവയെ ഉപയോഗിക്കാം. ജൂബിലി ഇതിനുള്ള ഒരു ക്ഷണമാണെന്നും അത് ഒരാഘോഷം മാത്രമല്ല എന്നും പാപ്പ കൂട്ടിച്ചേർത്തു.

നമ്മെത്തന്നെ മറിയത്തിന് ഭരമേൽപ്പിക്കാം

'നമ്മുടെ പ്രത്യാശയായ പരിശുദ്ധ മറിയം നമുക്കു വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ക്രൂശിതനായ കർത്താവായ യേശുവിലേക്ക് നമ്മെ നയിക്കുന്നത് തുടരുകയും ചെയ്യട്ടെ.' ഇപ്രകാരം ആശംസിച്ചുകൊണ്ട്, സഭയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്ന പ്രാർത്ഥനയോടെയാണ് ലിയോ പതിനാലാമൻ മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.