കോട്ടയം: 2025ലെ ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റും അതിരൂപത യുവദീപ്തി എസ് എം വൈ എമ്മും സംയുക്തമായി സംഘടിപ്പിച്ച ആഗോള യുവജന സംഗമം ‘എലിയോറ–2025’ ഓൺലൈൻ ആയി നടന്നു. പരിപാടി ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്തു.
“യുവജനങ്ങൾ മിശിഹായ്ക്കും സഭയ്ക്കും പ്രിയപ്പെട്ടവരാണ്. അവർ മിശിഹാ സ്‌നേഹത്തിൽ വളരുകയും കുടുംബത്തെയും സഭയെയും സ്നേഹിക്കുകയും വേണം,” എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ജോലി തേടി പോകുന്ന യുവാക്കളെ സഭ പ്രത്യേകം ഓർക്കുന്നുവെന്നും അവർ താമസിക്കുന്നിടത്തെ സഭയോട് ചേർന്ന് നിൽക്കണമെന്നും മാർ തോമസ് തറയിൽ ആഹ്വാനം ചെയ്തു.
“നിരാശപ്പെടേണ്ട, ധൈര്യമായിരിക്കുക, സന്തോഷത്തോടെ ഇരിക്കുക. നിങ്ങളുടെ പ്രശ്നങ്ങളിൽ പ്രാർത്ഥിക്കാനും സഹായിക്കാനും സഭ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും,” - മാർ തോമസ് തറയിൽ പറഞ്ഞു.
ഒക്‌ടോബർ 12ന് നടന്ന ഈ ആഗോള യുവജന സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 ൽ പരം യുവജനങ്ങൾ പങ്കെടുത്തു. ഉദ്‌ഘാടന ചടങ്ങിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷന് പ്രവാസി അപ്പോസ്തലേറ്റ് ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം മോഡറേറ്ററായിരുന്നു.
ഫാ. സാവിയോ മാനാട്ട് (യുവദീപ്തി അതിരൂപതാ ഡയറക്ടർ), ഫാ. റ്റെജി പുതുവീട്ടിൽക്കളം (പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ), സബിൻ കുര്യാക്കോസ് (ഗൾഫ് സെക്രട്ടറി, പ്രോഗ്രാം കൺവീനർ), അരുൺ തോപ്പിൽ (യുവദീപ്തി അതിരൂപതാ പ്രസിഡണ്ട്) എന്നിവർ പ്രസംഗിച്ചു. ഫാ. ജിജോ മാറാട്ടുകളം (പ്രോഗ്രാം ഡയറക്ടർ) സ്വാഗതം ആശംസിക്കുകയും ബിജു മട്ടാഞ്ചേരി (ഗൾഫ് കോർഡിനേറ്റർ) നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യുവദീപ്തി ഭാരവാഹികളായ ഫാ. ടോണി പുതുവീട്ടിൽക്കളം, ക്രിസ്റ്റി കെ. കുഞ്ഞുമോൻ, എലിസിബത്ത് വർഗീസ്, അലക്സ് കെ. മഞ്ഞുമേൽ, പ്രവാസി അപ്പോസ്തലേറ്റ് ഭാരവാഹികളായ ജിയോ മണലിൽ (ഓസ്ട്രേലിയ), സ്മിതാ സോണി (യു.എസ്.എ), ജിന്റോ കാനച്ചേരി (സൗദി അറേബ്യ), നിഖിൽ കളത്തിൽ (മാൾട്ട), ജിറ്റോ ജെയിംസ് (ഖത്തർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.