അഹമ്മദാബാദ്: ഗുജാറാത്തില്‍ സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായാണ് നടപടി.
എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ സ്വീകരിച്ചു. ഉടന്‍ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഗുജറാത്തില്‍ മന്ത്രിസഭ പുന സംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുനസംഘടനയില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടമായേക്കും. മറ്റ് ചിലരെ വകുപ്പ് മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. നിലവില്‍ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്.
എട്ട് പേര്‍ ക്യാബിനറ്റ് പദവിയുള്ളവരും എട്ട് പേര്‍ സഹ മന്ത്രിമാരുമായിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ വ്യവസ്ഥകള്‍ പ്രകാരം 27 മന്ത്രിമാര്‍ വരെ ആകാം.