ലണ്ടൻ തെരുവുകളെ ഭക്തിസാന്ദ്രമാക്കി ജപമാല റാലി; രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു

ലണ്ടൻ തെരുവുകളെ ഭക്തിസാന്ദ്രമാക്കി ജപമാല റാലി; രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു

ലണ്ടൻ: ലണ്ടനിലെ തെരുവുകൾ ഭക്തിനിറഞ്ഞ പ്രാർത്ഥനാരവങ്ങളാൽ മുഴങ്ങി. ലണ്ടൻ റോസറി ക്രൂസേഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന വൻ ജപമാല റാലിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.

വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം ബ്രോംപ്ടൺ ഒറേറ്ററിയിൽ സമാപിച്ചു. രണ്ട് മൈൽ നീളമുള്ള ഘോഷയാത്രയിൽ എല്ലാ പ്രായക്കാരിൽ നിന്നുമുള്ള വിശ്വാസികൾ ജപമാല ചൊല്ലുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു.

1917 ൽ ഫാത്തിമയിൽ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ഈ പ്രാർത്ഥനാ മഹിമയുടെ അടിസ്ഥാനം. ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ വാർഷികമായ ഒക്ടോബർ 13 ന് ഏറ്റവും അടുത്തുള്ള ശനിയാഴ്ച പ്രതിവർഷം ഈ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടാറുണ്ട്.

“ഇന്നത്തെ ലോകത്ത് വ്യാപകമായ പാപങ്ങൾക്കും ആത്മീയ പ്രതിസന്ധികൾക്കും പരിഹാരമായി ഈ ജപമാല പ്രാർത്ഥനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത് വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന്റെ അടയാളമാണ്.”- റോസറി ക്രൂസേഡിന്റെ ആത്മീയ ഡയറക്ടറായ ഫാ. റൊണാൾഡ് ക്രൈറ്റൺ-ജോബ് പറഞ്ഞു.

ബ്രോംപ്ടൺ ഒറേറ്ററിയിലെ ഫാത്തിമാ മാതാവിന്റെ രൂപത്തിന് സമീപം നടന്ന ആരാധനയോടും ആശീർവാദത്തോടും കൂടി പ്രദക്ഷിണം സമാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.