കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കത്തോലിക്ക കോണ്‍ഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. ശിരോവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളാണ് വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തുന്നതിനെ എതിര്‍ക്കുന്നത് എന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം.
അതേസമയം സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
വേഷം ധരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ സ്‌കൂളുകളുടെ കാര്യം വരുമ്പോള്‍ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണമെന്നും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
അതേസമയം ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ഥിനിയുടെ പിതാവ് രംഗത്തെത്തി. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പറഞ്ഞു.