'നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ മാത്രം; ലോകത്തിന്റെ നേതൃപദവി ഇന്ത്യ ഏറ്റെടുക്കും': ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

'നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ മാത്രം; ലോകത്തിന്റെ നേതൃപദവി ഇന്ത്യ ഏറ്റെടുക്കും': ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ടോണി ആബട്ട്.

ന്യൂഡല്‍ഹി: ഇന്ത്യക്ക് വലിയ ഭാവി ആശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നാലും അമേരിക്കന്‍ പ്രസിഡന്റിന്റെ പക്കല്‍ നിന്ന് സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി അദേഹം ഏറ്റെടുക്കുമെന്ന് ടോണി ആബട്ട് പറഞ്ഞു. ഡല്‍ഹിയില്‍ എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇരുപത്തൊന്നാം  നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ സൂപ്പര്‍ പവര്‍ കേന്ദ്രങ്ങളില്‍ ഒന്നായി ഡല്‍ഹി മാറണം. ഏഷ്യ-പസഫിക് മേഖലയില്‍ ചൈനക്ക് ഒരു പ്രതിരോധമായും ഓസ്‌ട്രേലിയയ്ക്ക് ശക്തവും വിശ്വസനീയവുമായ പങ്കാളിയായും ഇന്ത്യ മാറണമെന്നും ടോണി ആബട്ട് പറഞ്ഞു.

ഓസ്‌ട്രേലിയയുമായി 2022 ലും യു.കെയുമായി കഴിഞ്ഞ മാസവും ഇന്ത്യ വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. ജനാധിപത്യ ലോകം ചൈനയില്‍ നിന്ന് അകലുന്നു എന്നതിന്റെ സൂചനകളാണ് ഇതുപോലുള്ള വ്യാപാര കരാറുകളെന്നും അദേഹം വ്യക്തമാക്കി.

അമേരിക്ക, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ച ആബട്ട് ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ തടയാനുള്ള താക്കോല്‍ ഇന്ത്യയുടെ പക്കലാണെന്നും പറഞ്ഞു. നായക ശക്തിയാകാനാണ് ചൈനയുടെ ആഗ്രഹം. അത് അയല്‍ രാജ്യങ്ങളെയും ലോകത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നു.

ചൈനയ്ക്ക് ഇന്ത്യ ഒരു എതിരാളിയാണ്. ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏത് നഗരത്തില്‍ ചെന്നാലും അവിടെ വലിയ അടിസ്ഥാന സൗകര്യ വികസനമുണ്ട്. ഇന്ത്യ വളര്‍ന്നു വരികയാണ്. ചൈനയ്ക്ക് ബദലാകാന്‍ ഇന്ത്യക്കാകുമെന്നും ടോണി ആബട്ട് അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.