വിയന്ന: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള വിയന്ന അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഫാ. ജോസഫ് ഗ്രുന്‍വിഡ്ലിനെ നിയമിച്ച് ലിയോ മാർപാപ്പ. കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ (80) സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.
ഫാ. ജോസഫ് ഗ്രുന്‍വിഡ്ലിൽ ജനുവരി മുതൽ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ലോവർ ഓസ്ട്രിയയിൽ ജനിച്ച 62 കാരനായ ഫാ. ജോസഫ് ഗ്രുന്‍വിഡ്ലിൽ വിയന്ന വൈദിക സമിതിയുടെ ചെയർമാനും അതിരൂപതയുടെ തെക്കൻ വികാരിയേറ്റിന്റെ എപ്പിസ്‌കോപ്പൽ വികാരിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
1988 ൽ വൈദിക പട്ടം സ്വീകരിച്ച ഗ്രുന്‍വിഡ്ല്‍ 1995 മുതൽ 1998 വരെ കർദിനാൾ ഷോൺബോൺന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. ഒരു ഓർഗനിസ്റ്റ് കൂടിയായ അദേഹത്തിന് സംഗീതത്തോടും ആരാധനാ സംഗീത രംഗത്തും പ്രത്യേക താൽപര്യമുണ്ട്.
കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ മൂന്നു പതിറ്റാണ്ടോളം വിയന്ന അതിരൂപതയെ നയിച്ചു. പ്രശസ്ത ദൈവശാസ്ത്രജ്ഞനായ അദേഹം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (Catechism of the Catholic Church) തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. 22 വർഷത്തോളം ഓസ്ട്രിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു.