അഹിന്ദുക്കളുടെ വീട്ടില്‍ പെണ്‍മക്കളെ വിടരുത്; അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം; വര്‍ഗീയ പരാമര്‍ശവുമായി പ്രജ്ഞ സിങ് ഠാക്കൂര്‍

അഹിന്ദുക്കളുടെ വീട്ടില്‍ പെണ്‍മക്കളെ വിടരുത്; അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം; വര്‍ഗീയ പരാമര്‍ശവുമായി പ്രജ്ഞ സിങ് ഠാക്കൂര്‍

ഭോപ്പാല്‍: ഗുരുതരമായ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍ നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കില്‍ അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമായിരുന്നു ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ പ്രജ്ഞയുടെ പരാമര്‍ശം.

നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടി വന്നാല്‍ അതില്‍ നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ലെന്നും പ്രജ്ഞ പറഞ്ഞു.

മൂല്യങ്ങള്‍ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്.

അടിച്ചോ പറഞ്ഞു മനസിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ ചീത്ത പറഞ്ഞോ അവരെ തടയമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രജ്ഞയുടെ പരാമര്‍ശനത്തെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.