ഇസ്ലാം വിരുദ്ധ പ്രസ്താവനയ്ക്ക് തെളിവില്ലെന്ന് കോടതി; സ്പെയ്നിൽ വൈദികരുൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കി

ഇസ്ലാം വിരുദ്ധ പ്രസ്താവനയ്ക്ക് തെളിവില്ലെന്ന് കോടതി; സ്പെയ്നിൽ വൈദികരുൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കി

മാഡ്രിഡ്: ഇസ്ലാമിനെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ച് വിദ്വേഷ പ്രചാരണക്കുറ്റം ചുമത്തപ്പെട്ട രണ്ടു വൈദികരെയും ഒരു മാധ്യമ പ്രവർത്തകനെയും സ്പെയിനിലെ മാലാഗ പ്രൊവിൻഷ്യൽ കോടതി കുറ്റവിമുക്തരാക്കി.

വൈദികരായ കസ്റ്റോഡിയോ ബാല്ലെസ്റ്റർ, ജീസസ് കാൽവോ, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടറായ അർമാൻഡോ റൊബിൾസ് എന്നിവരാണ് കുറ്റവിമുക്തരായത്.

2017 ൽ ഒരു ടോക്ക് ഷോയ്ക്കിടെ ഇസ്‌ലാമിനെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ച് “അസോസിയേഷൻ ഓഫ് മുസ്ലീംസ് എഗെയിൻസ്റ്റ് ഇസ്ലാമോഫോബിയ” എന്ന സംഘടന നൽകിയ പരാതിയെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ മൂവർക്കുമെതിരെ കേസെടുത്തത്.

റൊബിൾസിന് നാല് വർഷം തടവുശിക്ഷ, പത്ത് വർഷത്തേക്ക് അധ്യാപന വിലക്ക്, കൂടാതെ 3,500 ഡോളർ പിഴയും വേണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. വൈദികർക്കാകട്ടെ മൂന്ന് വർഷം തടവുശിക്ഷയാണ് ശുപാർശ ചെയ്തിരുന്നത്.

എന്നാൽ മൂവരും നടത്തിയ പ്രസ്താവനകൾ വിദ്വേഷകുറ്റമായി കണക്കാക്കാനാകില്ലെന്നും അവ മതവിമർശനത്തിന്റെ പരിധിക്കുള്ളിൽപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ മൂവർക്കും കോടതി പൂർണ കുറ്റവിമുക്തി നൽകി.

കോടതിയുടെ ഈ വിധി സംസാര സ്വാതന്ത്ര്യത്തിന്റെയും മത വിമർശനത്തിന്റെയും പരിധികളെക്കുറിച്ചുള്ള ഒരു പ്രധാന നീതിന്യായ തീരുമാനമായി നിരീക്ഷിക്കപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.