വാഷിങ്ടണ്‍: ചൈനയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസുമായുള്ള ന്യായമായ വ്യാപാര കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ നവംബര്‍ ഒന്നു മുതല്‍ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നിര്‍ണായക ധാതു കരാറില്‍ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
'ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. താരിഫുകളുടെ രൂപത്തില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ ബാധ്യത നല്‍കുന്നുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ക്ക് 55 ശതമാനം താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യു.എസുമായി ന്യായമായ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ചൈന നല്‍കുന്ന 55 ശതമാനം താരിഫ് നവംബര്‍ ഒന്ന് മുതല്‍ 155 ശതമാനമായി ഉയരും'- ട്രംപ് പറഞ്ഞു.
അമേരിക്കയുടെ വ്യാപാര നയത്തെ മുന്‍പ് ധാരാളം രാജ്യങ്ങള്‍ ചൂഷണം ചെയ്തിരുന്നെന്നും എന്നാല്‍ ഇനി അത്തരമൊരു നേട്ടം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി വളരെ ന്യായമായ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഒന്നോടെ ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിരുന്നു.
കൂടാതെ അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് പിന്നാലെ ചൈനയില്‍ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തി വെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.