തിരുവനന്തപുരം: മഴ വീണ്ടും കനത്ത സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തി ക്രമീകരിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
പ്രഫഷണല്‍ കോളജുകളടമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച പാലക്കാട് ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെസിഡന്‍സി സ്‌കൂളുകള്‍, കോളജുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
മലപ്പുറം ജില്ലയിലും പ്രഫഷണല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധിയാണ്.