വാഷിങ്ടണ്‍: രണ്ട് വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് നെറികേട് കാണിച്ചു എന്ന് ആരോപിച്ചാണ് നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു. നേരത്തെ നടത്താനിരുന്ന ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു.
ഫലിക്കാത്ത കാര്യത്തിനായി ചര്‍ച്ച നടത്തി സമയം കളയാന്‍ ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന് പിന്നാലെയാണ് റഷ്യയുടെ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഉക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്നതില്‍ വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഈ നടപടി റഷ്യതിരെ തങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏറ്റവും വലിയ എണ്ണ കമ്പനികള്‍ക്കാണ് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.