ഡല്‍ഹിയില്‍ പൊലീസ് എന്‍കൗണ്ടര്‍; വധിച്ചത് 'സിഗ്മ ഗാങി'ലെ നാല് കൊടും കുറ്റവാളികളെ

ഡല്‍ഹിയില്‍ പൊലീസ് എന്‍കൗണ്ടര്‍; വധിച്ചത് 'സിഗ്മ ഗാങി'ലെ നാല് കൊടും കുറ്റവാളികളെ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നാലംഗ ഗുണ്ടാ സംഘം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രഞ്ജന്‍ പഥക് (25), ബിംലേഷ് മഹ്‌തോ എന്ന ബിംലേഷ് സാഹ്നി (25), മനീഷ് പഥക് (33), അമന്‍ താക്കൂര്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. 'സിഗ്മ ആന്റ് കമ്പനി'എന്ന പേരില്‍ അറിയപ്പെട്ടുന്ന ക്രിമിനല്‍ സംഘത്തെയാണ് പൊലീസ് വെടിവച്ച് കൊന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ രോഹിണിയിലെ ബഹാദൂര്‍ ഷാ മാര്‍ഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേരും കൊല്ലപ്പെട്ടത്. ബിഹാര്‍ പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട ക്രിമിനലുകള്‍ ബിഹാര്‍ സ്വദേശികളാണ്. രഞ്ജന്‍ പഥക് ആയിരുന്നു സംഘത്തിന്റെ നേതാവ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ഒളിവിലായിരുന്നു.

രാജ്യതലസ്ഥാനത്ത് സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രദേശം വളയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ സംഘം പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെടിയേറ്റവരെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വര്‍ഷങ്ങളായി ബിഹാറിലുടനീളം കൊള്ളയടിക്കലിലും വാടക കൊലപാതകങ്ങളിലും ഏര്‍പ്പെട്ടിരുന്ന വലിയ ശൃംഖലയായിരുന്നു സിഗ്മാ സംഘമെന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജന്‍ പഥക്കിനെ പിടികൂടുന്നവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ സീതാമര്‍ഹിയിലും സമീപ ജില്ലകളിലുമായി നടന്ന അഞ്ച് കൊലപാതകങ്ങളിലും സിഗ്മാ സംഘം പങ്കാളിയായിരുന്നു.

സമൂഹ മാധ്യമത്തിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും രഞ്ജന്‍ പൊലീസിനെ നിരന്തരം വെല്ലുവിളിച്ചിരുന്നു. ബിഹാര്‍ പൊലീസില്‍ നിന്നും രക്ഷപ്പെടാനാണ് സിഗ്മാ സംഘം രഞ്ജന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.