ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന മുന്നറിയിപ്പിന് പിന്നാലെ പാലസ്തീന്‍ പൗരന്മാരെ പരസ്യമായി വധിക്കുന്നതില്‍ നിന്ന് ഹമാസ് പിന്മാറിയതായി റിപ്പോര്‍ട്ട്.
ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗാസയിലെ ജനങ്ങളെ വധിക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് ഉറപ്പു നല്‍കിയതായി മധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ട അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 'ഇസ്രയേല്‍ ചാരന്മാര്‍' എന്നാരോപിച്ച് ഹമാസ് ഒട്ടേറെ പേരെ പരസ്യമായി വധിച്ചതിനെ തുടര്‍ന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഹമാസ് സാധാരണ ജനങ്ങളെ വധിക്കുന്നത് തുടര്‍ന്നാല്‍ അത് കരാര്‍ ലംഘനമായി കണക്കാക്കുമെന്നും പിന്നീട് വേഗതയേറിയതും ക്രൂരവുമായ അന്ത്യം നേരിടേണ്ടി വരുമെന്നുമായിരുന്നു ട്രംപിന്റെ താക്കീത്.
'ഹമാസ് ചില ഗുണ്ടാ സംഘങ്ങളെ കൈകാര്യം ചെയ്തു. അത് എന്നെ അലട്ടുന്നില്ല' എന്ന് പറഞ്ഞ് തുടക്കത്തില്‍ ഈ വധ ശിക്ഷകളെ ശരിവച്ച ട്രംപ് ദിവസങ്ങള്‍ക്കുള്ളില്‍ ഹമാസിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു.
ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കാന്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.
വെടിനിര്‍ത്തലിന്റെ ഭാഗമായി തല്‍ക്കാലം മാറി നില്‍ക്കുകയാണെങ്കിലും ആവശ്യമെങ്കില്‍ ഇസ്രയേല്‍ സേനയോട് ഗാസയിലേക്ക് മടങ്ങാനും ഹമാസിനെ തുടച്ചു നീക്കാനും ആവശ്യപ്പെടാന്‍ കഴിയും.
'ഞാന്‍ ആവശ്യപ്പെട്ടാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ അകത്തു കടക്കും. അകത്തുപോയി അത് കൈകാര്യം ചെയ്യൂ എന്ന് എനിക്ക് അവരോട് പറയാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ല. ചെറിയൊരവസരം കൂടി നല്‍കാന്‍ പോകുകയാണ്' - ട്രംപ് കൂട്ടിച്ചേര്‍ത്തു.