തിരുവനന്തപുരം: സിപിഐയുടെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം. ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇതിനിടയിലാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കില്ലെന്നും വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞിരുന്നത്.
എന്നാല്‍ മന്ത്രിസഭയെയും എല്‍ഡിഎഫിനെയും മറികടന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി) ഭാഗമായുള്ള പി.എം. ശ്രീ സ്‌കൂള്‍ പദ്ധതി കേരളം നടപ്പാക്കാന്‍ പോകുന്നത്.
കേന്ദ്ര ഫണ്ട് ലഭിക്കാന്‍ പി.എം. ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു.
എന്താണ് പി.എം. ശ്രീ?
ഗുണ നിലവാരമുള്ള വിദ്യാഭ്യാസമെന്ന പേരില്‍ 2023-27 വര്‍ഷത്തേക്ക് പ്രഖ്യാപിച്ച കേന്ദ്ര പദ്ധതിയാണ് പി.എം. ശ്രീ അഥവാ പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റെയ്‌സിങ് ഇന്ത്യ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന സ്‌കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യാസ നയവും കേന്ദ്ര സിലബസും നടപ്പാക്കണം. എന്‍.ഇ.പിയുടെ പുരോഗതിയും പി.എം. ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും ഈ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം.
2022 സെപ്റ്റംബര്‍ ഏഴിന് അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പി.എം. ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം. കേന്ദ്ര വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സംസ്ഥാന സര്‍ക്കാറിന്റെ സ്‌കൂളുകള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 14,500 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക.
രാജ്യത്ത് നിലവില്‍ 13,070 സ്‌കൂളുകളുകള്‍ പിഎം ശ്രീയുടെ ഭാഗമായിട്ടുണ്ട്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയില്‍ ഒപ്പുവെച്ചു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലായിരിക്കും സുകൂളുകളുടെ പുനരുദ്ധാരണം.
നൂതന പാഠ്യ പദ്ധതി, വിദ്യാര്‍ഥികളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, സ്മാര്‍ട് ക്ലാസ് റൂം, ഡിജിറ്റല്‍ ലൈബ്രറി, പ്രാദേശിക ഇന്റേണ്‍ഷിപ്പ്, ധൈഷണിക ശേഷി വര്‍ധിപ്പിക്കല്‍, ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ് തുടങ്ങി സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനായി വിവിധ കാര്യങ്ങള്‍ നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേക ശ്രദ്ധ വേണ്ടുന്ന കുട്ടികള്‍ക്കായി ഈ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
അഞ്ച് വര്‍ഷത്തേക്ക് 27,360 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 18,128 കോടി കേന്ദ്ര വിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഏഴ് സ്‌കൂളുകള്‍ നവീകരിക്കാനുള്ള മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്ക് ലഭിക്കും.
സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളുണ്ട്. കേടുപാടുകളിലാത്ത സ്‌കൂള്‍ കെട്ടിടം, തകരാറില്ലാത്ത പ്രവേശന റാമ്പുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുറഞ്ഞത് ഒരു ടോയ്‌ലെറ്റ് വീതം തുടങ്ങിയ സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷിച്ച സ്‌കൂളുകള്‍ക്ക് സ്‌കോറിങ് നല്‍കും. നഗര പ്രദേശങ്ങളിലെ സ്‌കൂളുകള്‍ 70 ശതമാനം സ്‌കോര്‍ നേടണം, ഗ്രാമീണ മേഖലയില്‍ 60 ശതമാനം മതി. ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിനു കീഴില്‍ പരമാവധി രണ്ട് സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
സംസ്ഥാനത്തെ 336 സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളടക്കമുളള കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ഒപ്പു വെയ്ക്കാനുണ്ടായിരുന്നത്. ഇതില്‍ കേരളം പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായതോടെ സംസ്ഥാനത്തെ 168 ബിആര്‍സികളിലായി പരമാവധി 336 സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയില്‍ കേരളം ഒപ്പുവെക്കാതെ കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട 1500.27 കോടി നല്‍കില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഒപ്പ് വെച്ചാല്‍ വൈകുന്നേരം ഫണ്ട് എന്നായിരുന്നു അദേഹത്തിന്റെ നിലപാട്.

കേന്ദ്ര ഫണ്ട് നിലച്ചതോടെ സമഗ്ര ശിക്ഷ അഭിയാന്‍ വഴി കേരളം നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലായി. പി.എം ശ്രീ ഫണ്ട് ലഭിച്ചില്ലെങ്കില്‍ സൗജന്യ യൂണിഫോം, പാഠപുസ്തകം, കോംപോ സ്‌കൂള്‍ ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ്, ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഗ്രാന്റുകള്‍, പെണ്‍കുട്ടികള്‍ക്കുള്ള സ്‌റ്റൈപ്പെന്‍ഡ്, ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ സഹായ ഉപകരണങ്ങളും തെറാപ്പി സേവനങ്ങളും, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ജീവനക്കാരുടെ ശമ്പളം തുടങ്ങി ഒട്ടേറെ പദ്ധതികളെ ബാധിക്കും എന്ന ഘട്ടമെത്തിയതോടെയാണ് സിപിഐയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈ കൊടുത്തത്.
പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും എന്‍.ഇ.പിയിലെ തെറ്റായ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം നേതൃത്വവും വ്യക്തമാക്കുന്നത്. എന്നാല്‍ പദ്ധതിയുടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണതോതില്‍ നടപ്പാക്കേണ്ടി വരും. കരാര്‍ ഒപ്പിട്ട ശേഷം ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിയമപരമായി കേരളം പ്രതിരോധത്തിലാകും.
പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലകളായി പി.എം. ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌കുളുകള്‍ മാറുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി ആര്‍.എസ്.എസ് അജണ്ടയാണെന്നാണ് പ്രധാന വിമര്‍ശനം. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളിനു മുന്നില്‍ 'പിഎം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡ് വയ്ക്കേണ്ടി വരുമെന്നതും എതിര്‍പ്പിനു കാരണമായിട്ടുണ്ട്. എന്‍സിഇആര്‍ടി സിലബസ് നടപ്പിലാക്കേണ്ടിവരുമെന്നതാണ് മറ്റൊരു ഭീഷണി.
ഫലത്തില്‍ പൊതുവിദ്യാലയങ്ങള്‍ കേന്ദ്രവും സംസ്ഥാനവും നിയന്ത്രിക്കുന്ന സ്ഥിതി വരും. പി.എം. ശ്രീയില്‍ അക്കാദമിക നിരീക്ഷണത്തിന് വിദ്യാ സമീക്ഷാ കേന്ദ്രം ഉണ്ടാവും. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയ ഗുജറാത്ത് മോഡലാണ് ഈ സംവിധാനം.
ആര്‍.എസ്.എസ് സങ്കല്‍പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കും, കേന്ദ്രനയം നടപ്പാക്കും, പാഠ്യ പദ്ധതിയിലൂടെ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കും, സംസ്ഥാനങ്ങളുടെ അധികാരവും നയരൂപീകരണവും നഷ്ടമാവും, പി.എം സ്‌കൂളുകളില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണം പേരിലൊതുങ്ങും എന്നൊക്കെയാണ് പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
എന്‍.ഇ.പിയനുസരിച്ച് 5+3+3+4 വിദ്യാഭ്യാസ ഘടന പി.എം. ശ്രീ സ്‌കൂളില്‍ വേണം. ആദ്യ ഘട്ടം പ്രീ സ്‌കൂള്‍ മുതല്‍ എല്‍കെജി, യുകെജി രണ്ട് വരെ. രണ്ടാം ഘട്ടം മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍. മൂന്നാം ഘട്ടം ആറ്, ഏഴ്, എട്ട് ക്ലാസുകള്‍. ഒന്‍പത് മുതല്‍ 12 വരെ നാലാം ഘട്ടം. എന്നാല്‍ ഈ ഘടന കേരളം അംഗീകരിച്ചിരുന്നില്ല.
നിയമവഴിയെ തമിഴ്നാടിന്റെ പോരാട്ടം
പി.എം. ശ്രീയില്‍ കേരളത്തിന്റെ മനം മാറ്റത്തിനിടെ ശ്രദ്ധേയമാകുന്നത് തമിഴ്‌നാടിന്റെ നിയമ പോരാട്ടമാണ്. സമഗ്ര ശിക്ഷ അഭിയാനുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോള്‍ കോടതിയെ സമീപിച്ച് തമിഴ്‌നാട് ഫണ്ട് നേടിയെടുത്തു. സമഗ്ര ശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്ര ഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥി പ്രവേശനം തമിഴ്‌നാട് നിര്‍ത്തി വെച്ചിരുന്നു.
പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന് രണ്ട് അധ്യയന വര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്ര ശിക്ഷ അഭിയാന് തടഞ്ഞു വെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ കേരളം ഇതുവരെ നിയമവഴി തേടിയില്ല.