തിരുവനന്തപുരം: ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനിറങ്ങും.
ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കും.
അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ചലച്ചിത്ര സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും, സൗണ്ട് മിക്‌സറുമാണ് റസൂല്‍ പൂക്കുട്ടി. മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാര ജേതാവാണ്. സ്ലംഡോഗ് മില്യണേറിലെ ശബ്ദ മിശ്രണത്തിനാണ്ഓസ്‌കാര്‍ ലഭിച്ചത്.
കൊല്ലം ജില്ലയിലെ അഞ്ചല്‍ വിളക്കുപാറ സ്വദേശിയായ റസൂല്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995 ലാണ് ബിരുദം നേടിയത്. ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്ക് ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദ മിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മറ്റിയിലേക്ക് റെസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി.