ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എഐ പാഠ്യ പദ്ധതി തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയമിച്ച് സിബിഎസ്ഇ. അടുത്ത അധ്യയന വര്‍ഷം മുതല്‍ എഐ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിനായി മദ്രാസ് ഐഐടിയിലെ ഡേറ്റാ സയന്‍സ് ആന്‍ഡ് എഐ വകുപ്പിലെ പ്രൊഫസര്‍ കാര്‍ത്തിക് രാമന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. എഐ, കംപ്യൂട്ടേഷണല്‍ തിങ്കിങ് എന്ന വിഷയത്തിലാണ് പാഠ്യപദ്ധതി വികസിപ്പിക്കുക.
സങ്കീര്‍ണ വിഷയങ്ങള്‍ പരിഹരിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു. മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യപദ്ധതി പഠിപ്പിക്കാനാണ് നീക്കം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാകും പദ്ധതി ആവിഷരിക്കുക. നിലവില്‍ രാജ്യത്തെ 18,000 ത്തിലേറെ സിബിഎസ്ഇ സ്‌കൂളുകളില്‍ ആറാം ക്ലാസ് മുതലുള്ളവര്‍ക്ക് എഐ ഒരു നൈപുണ്യ വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് മുതല്‍ പ്ലസ്ടുവരെ ക്ലാസുകളില്‍ എഐ ഐച്ഛിക വിഷയമാണ്.