ഗാസ സിറ്റി: ഹമാസിന്റെ തടവിൽ കഴിഞ്ഞ 738 ദിവസത്തെ ആഘാതങ്ങൾ അതിഭീകരമായിരുന്നെന്ന് മുൻ ഹമാസ് തടവുകാരൻ യോസെഫ്-ഹൈം ഒഹാന. നീണ്ട പീഡനങ്ങളുടെ നാളുകളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എത്തപ്പെട്ടപ്പോഴും സ്വാതന്ത്ര്യത്തെ നോക്കി പകച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് ഒഹാന പറയുന്നു.
“മോചനം പൂർത്തിയായിട്ടില്ല. അത് ഇപ്പോഴും നടക്കുകയാണ്. തടവിൽ കഴിയുമ്പോൾ യുക്തിപരമായ ചിന്തയും വ്യക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഉൾപ്പെടെ എല്ലാം അവർ ഞങ്ങളിൽ നിന്ന് എടുത്തുകളയുന്നു. അതിനാൽ ഒരു ദിവസം കൊണ്ട് സ്വതന്ത്രനായ മനുഷ്യനായി മാറാനാകില്ല. ഞാൻ ഇപ്പോഴും സ്വതന്ത്രനാകാൻ പഠിക്കുകയാണ്,” അദേഹം പറഞ്ഞു.
” തടവിലിരിക്കുമ്പോൾ മോചിതനാകണമെന്ന് നിരന്തരം സ്വപ്നം കണ്ടിരുന്നെങ്കിലും ആ നിമിഷം വന്നപ്പോൾ എങ്ങനെ സന്തോഷിക്കണമെന്ന് അറിയാതെയായിരുന്നു. രണ്ട് വർഷത്തെ വികാരങ്ങളെ അടിച്ചുമൂടിയ ജീവിതത്തിന് ശേഷം മനസ് പെട്ടെന്ന് പൊരുത്തപ്പെടുന്നില്ല. ബുദ്ധിപരമായി ഞാൻ സന്തോഷവാനായിരുന്നു. പക്ഷേ വികാരപരമായി അതിനായിരുന്നില്ല. ഹമാസിന്റെ തടവിലായിരുന്ന ചില നിമിഷങ്ങളിൽ മരണം തന്നെയാണ് നല്ലതെന്ന് തോന്നിയിരുന്നു.” ഒഹാന കൂട്ടിച്ചേർത്തു.